തിരുവനന്തപുരം: പത്താം ക്ലാസ് ഗണിത പരീക്ഷയുടെ മൂല്യനിർണയത്തിൽ 18-ാം ചോദ്യത്തിന് വിദ്യാർഥികൾക്ക് അർഹതപ്പെട്ട മാർക്ക് നല്കുന്നില്ലെന്നു പരാതി. നാലുകൊണ്ട് ഹരിക്കുന്പോൾ ശിഷ്ടമായി ഒന്ന് വരുന്ന എണ്ണൽ സംഖ്യകളുടെ ശ്രേണി എഴുതുക എന്നതായിരുന്നു 18-ാം ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരമായി 5, 9, 13, എന്ന് എഴുതിയാൽ അത് ശരിയുത്തരമായി പരിഗണിക്കാൻ പറ്റില്ല എന്നാണ് മൂല്യനിർണയത്തിന് മുൻപു കൂടിയ സ്കീം ഫൈനലൈസേഷനിൽ തീരുമാനമെടുത്തിരിക്കുന്നത്. ഈ ചോദ്യത്തിന്റെ ശരി ഉത്തരമായി ഉത്തരസൂചികയിൽ നൽകിയിരിക്കുന്നത് ഒന്ന്, അഞ്ച്, ഒൻപത് എന്നു മാത്രമാണ്.
ഇതോടെ ഈ ചോദ്യത്തിന്റെയും ഇതിന്റെ ഉപചോദ്യങ്ങളുടെയും ശരി ഉത്തരങ്ങൾക്ക് ലഭിക്കേണ്ട നാലുമാർക്ക് ബഹുഭൂരിപക്ഷം വിദ്യാർഥികൾക്കും നഷ്ടമാകുന്നതായിട്ടാണ് പരാതി. 5, 9, 13... എന്ന ശ്രേണി ഒന്നിൽ ആരംഭിക്കാത്തതിനാൽ ഈ ഉത്തരം ശരിയല്ലെന്നാണ് സ്കീം ഫൈനലൈസേഷൻ തീരുമാനം. എന്നാൽ, നാലു കൊണ്ട് ഹരിക്കുന്പോൾ ഒന്നു ശിഷ്ടം വരുന്ന എല്ലാ എണ്ണൽ സംഖ്യകളുടെയും ശ്രേണി എന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഒന്നു കൂടി ഈ ശ്രേണിയിൽ നിർബന്ധമായി ഉൾപ്പെടുത്തേണ്ട കാര്യമുള്ളൂവെന്നാണ് പരാതിക്കാർ മുന്നോട്ടുവയ്ക്കുന്നത്.
5, 9,13 എന്നത് എണ്ണൽ സംഖ്യകളുടെ ഒരു ശ്രേണിയാണ്. കൂടാതെ ഈ ശ്രേണിയിലെ സംഖ്യകളെ നാലു കൊണ്ട് ഹരിക്കുന്പോൾ ഒന്നു ശിഷ്ടം വരികയും ചെയ്യും. അതുകൊണ്ട് ചോദ്യത്തിൽ ചോദിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഈ ഉത്തരത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്. ആകെ മാർക്കിന്റെ അഞ്ചു ശതമാനമായ നാലു മാർക്ക് ഇത്തരത്തിൽ നിഷേധിക്കുന്നതു പതിനായിരക്കണക്കിന് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നു. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് എ പ്ലസ് നഷ്ടമാകുന്ന സ്ഥിതിയുമുണ്ടാകും. പത്താം ക്ലാസിലെ ഗണിത മൂല്യനിർണയത്തിലെ കടുംപിടുത്തം വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നതായാണ് നിരവധി അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.